ജീവത്യാഗത്തിന്റെ സ്മരണയായി ഇന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനം
തിരുവനന്തപുരം: ഇന്ന് ലോകം മുഴുവൻ അന്താരാഷ്ട്ര തൊഴിലാളി ദിനം ആചരിക്കുന്നു. മെയ് ദിനം എന്ന പേരിലാണ് ദിവസത്തെ കൂടുതലായും അറിയപ്പെടുന്നത്. ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ അവകാശവും ആത്മാഭിമാനവും നിറവേറ്റുന്ന പോരാട്ടത്തിന്റെ സ്മരണയ്ക്കായാണ് ഈ ദിനം പ്രതിവർഷം ആഘോഷിക്കുന്നത്. എട്ടു മണിക്കൂര്‍ തൊഴില്‍ സമയം അംഗീകരിച്ചതിനെതുടര്‍ന്ന് അതിന്റെ സ്മരണക്കായി മെയ് ഒന്ന് ആഘോഷിക്കണം എന്ന ആശയം ഉണ്ടായത് 1856 ല്‍ ഓസ്‌ട്രേലിയയില്‍ ആണ്. ഇതിന്റെ പ്രചോദനം അമേരിക്കയില്‍ നിന്നും ഉണ്ടായതാണെന്ന ഒരു വാദവുമുണ്ട്. എണ്‍പതോളം രാജ്യങ്ങളില്‍ മെയ് ദിനം പൊതു അവധിയായി ആചരിക്കുന്നു. 1886 മെയ് ഒന്നിന് അമേരിക്കയിൽ മൂന്നുലക്ഷത്തോളം തൊഴിലാളികൾ എട്ടു മണിക്കൂർ ജോലി ആവശ്യപ്പെട്ട് പണിമുടക്കിയിരുന്നു. മെയ് നാലിന് ചിക്കാഗോയിലെ ഹേ മാർക്കറ്റ് ചത്വരത്തിൽ സമാധാനപരമായി നടത്തിയ പ്രതിഷേധത്തിനിടെ നടന്ന ബോംബാക്രമണത്തിലും പൊലീസ് വെടിവെപ്പിലും നിരവധി തൊഴിലാളികൾ കൊല്ലപ്പെടുകയായിരുന്നു. അവരുടെ ആ ജീവത്യാഗം ഓർമ്മപ്പെടുത്തുക മാത്രമല്ല, തൊഴിലിന്റെ അന്തസ്സ് ഉയർത്താനും തൊഴിലാളി സമൂഹത്തിന്റെ ആവശ്യങ്ങൾ ലോകത്തിന്റെ ശ്രദ്ധയിൽപ്പെടാനും ഈ ദിനം സഹായിച്ചു. 1890 മുതൽ ഔദ്യോഗികമായി ആചരിക്കാൻ തുടങ്ങുന്ന മെയ് ദിനം, തൊഴിലാളി വർഗം മാത്രമല്ല, കർഷകരും മറ്റ് അനുബന്ധ തൊഴിലാളികളും ചേർന്ന് ഒരു സാമൂഹ്യ ഉണർവിലേക്ക് ഉയരാനുള്ള പ്രേരണയായിത്തീർന്നു. ഭരണക്രമത്തെയും സാമൂഹ്യവ്യവസ്ഥയെയും മാറ്റിയെടുക്കാൻ ശേഷിയുള്ള ശക്തിയായി തൊഴിലാളി വിഭാഗം മാറാൻ തുടങ്ങിയ ചരിത്രത്തിന് ഇന്നേത് സ്മരണാ ദിനമാണ്.